Wednesday, March 12, 2008

നേര്‍ക്കാഴ്ച്ച

ഉന്മൂലനം-എത്ര സുന്ദരമായ പദം
ബി.ആര്‍.പി. ഭാസ്കര്‍
(കേരള കൌമുദി)

ആഗസ്റ് 15, 1947, എനിക്ക് ചരിത്രത്തിലെ ഒരു ദിവസമല്ള, എന്‍െറ ഓര്‍മ്മയിലുള്ള ഒരു ദിവസമാണ്. ഒരു വ്യത്യാസം മാത്രമാണ് അന്ന് കണ്‍മുന്നില്‍ തെളിഞ്ഞത്. സര്‍ക്കാരാപ്പീസുകളുടെ മേല്‍ പറന്നിരുന്ന കൊടി മാറി. ഉദ്യോഗസ്ഥന്മാര്‍ പഴയത്, നിയമങ്ങള്‍ പഴയത്, അവ നടപ്പാക്കുന്ന രീതിയും പഴയത്. ഭരണഘടന 1950ല്‍ നിലവില്‍വന്നതോടെ വ്യവസ്ഥ ജനാധിപത്യവത്കരിക്കാനുള്ള ശ്രമം തുടങ്ങി. പഴയ നിയമങ്ങളും ഫ്യൂഡല്‍ കൊളോണിയല്‍ പാരമ്പര്യവും അതിന് തടസം സൃഷ്ടിച്ചു. അതിന്‍െറ ദോഷഫലം ഏറെ അനുഭവിച്ചത് കമ്മ്യൂണിസ്റുകാരായിരുന്നു.
സാഹചര്യങ്ങള്‍ വിപ്ളവത്തിന് പറ്റിയതാണെന്ന ധാരണയില്‍ കമ്മ്യൂണിസ്റ് പാര്‍ട്ടി സായുധസമരം ആരംഭിച്ചിരുന്നു. തുടര്‍ന്ന് പാര്‍ട്ടി നിരോധിക്കപ്പെട്ടു. പാര്‍ട്ടി അക്രമസമരത്തില്‍ നിന്ന് പിന്‍വാങ്ങിയ ശേഷം വീണ്ടും പ്രവര്‍ത്തനസ്വാതന്ത്യ്രം ലഭിച്ചു. എ.കെ.ഗോപാലന്‍ കരുതല്‍ തടങ്കലില്‍നിന്ന് മോചിതനായതും പാര്‍ട്ടിയുടെ ആശയങ്ങള്‍ പ്രചരിപ്പിച്ചിരുന്ന ക്രോസ്റോഡ്സ് വാരികയുടെ മേലുള്ള നിരോധനം നീങ്ങിയതും നിര്‍ണായകമായ കോടതി ഇടപെടലുകളി ലൂടെയായിരുന്നു.
കമ്മ്യൂണിസ്റുകാരെ കൂടാതെ തമിഴ്നാട്ടിലെ ദ്രാവിഡപ്രസ്ഥാനം മുതല്‍ വടക്കു കിഴക്കന്‍ പ്രദേശത്തെ ഗോത്രവര്‍ഗ്ഗങ്ങള്‍ വരെ പല വിഭാഗങ്ങളും രാജ്യത്തെ തള്ളിപ്പറയുകയുണ്ടായി. അവയില്‍ മിക്കതും ഇപ്പോള്‍ അധികാരവ്യവസ്ഥയുടെ ഭാഗമാണ്. ഗാന്ധിജിയുടെ വധത്തിലേക്ക് നയിച്ച ഹിന്ദുത്വ ചിന്തയുടെ പ്രോത്സാഹകരായ രാഷ്ട്രീയ സ്വയംസേവക് സംഘത്തിന്റെ അനുയായികളും അധികാര രാഷ്ട്രീയത്തില്‍ സജീവമാണ്. യഥാര്‍ത്ഥ ജനാധിപത്യ വ്യവസ്ഥയ്ക്ക് എല്ളാറ്റിനെയും ഉള്‍ക്കൊള്ളാനാകണം. അതിന് നമുക്ക് ഏറക്കുറെ കഴിഞ്ഞു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇതൊരു പുതിയ അനുഭവമാണ്. ഇവിടെ പല നൂറ്റാണ്ടുകളായി നിലനിന്നിരുന്ന വ്യവസ്ഥയുടെ അടിസ്ഥാന സ്വഭാവം തിരസ്കാരമായിരുന്നു, ഉള്‍ച്ചേരലല്ള.
രാജ്യത്തിന്‍െറ പല ഭാഗങ്ങളിലും ഇപ്പോള്‍ അടിയന്തരാവസ്ഥ കൂടാതെ തന്നെ ജനാധിപത്യം പരിമിതപ്പെടുകയാണ്. കോണ്‍ഗ്രസ്, സി.പി.എം, ബി.ജെ.പി എന്നീ കക്ഷികള്‍ ഭരിക്കുന്ന (യഥാക്രമം) ആസാം, കേരളം, ഛത്തിസ്ഗഢ് എന്നീ സംസ്ഥാനങ്ങളില്‍ അറസ്റു ചെയ്യപ്പെട്ട ബിനായക് സെന്‍, പി. ഗോവിന്ദന്‍ കുട്ടി, ലചിത് ബര്‍ദൊളോയ് എന്നിവരുടെ അനുഭവങ്ങള്‍ ജനാധിപത്യവിരുദ്ധതയുടെ തിരിച്ചുവരവ് സാക്ഷ്യപ്പെടുത്തുന്നു.
കഴിഞ്ഞ മേയില്‍ അറസ്റു ചെയ്യപ്പെട്ട സെന്‍ വര്‍ഷങ്ങളായി ഛത്തിസ്ഗഢിലെ ഗോത്രവര്‍ഗ്ഗക്കാര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ശിശുരോഗ വിദഗ്ദ്ധനാണ്. ആദിവാസികളുടെ ആരോഗ്യപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിച്ചതോടൊപ്പം, പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് (പി.യു.സി. എല്‍) ഭാരവാഹി എന്ന നിലയില്‍ പൌരാവകാശ സംരക്ഷണത്തിലും അദ്ദേഹം താത്പര്യമെടുത്തു. അങ്ങനെ തീവ്രവാദ ആരോപണത്തെ തുടര്‍ന്ന് നിയമ പരിരക്ഷയും മനുഷ്യാവകാശങ്ങളും നിഷേധിക്കപ്പെട്ടവര്‍ക്കുവേണ്ടി അദ്ദേഹം ശബ്ദമുയര്‍ത്തി. കൊച്ചിയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ആന്ധ്രാപ്രദേശില്‍ നിന്നുള്ള നക്സലൈറ്റ് നേതാവിന്റെ അറസ്റിനെ തുടര്‍ന്നാണ് ശാസ്ത്ര സ്ഥാപനത്തിലെ ജോലി ഉപേക്ഷിച്ച് ഇടതുപക്ഷ ആശയ പ്രചരണത്തിനായി പീപ്പിള്‍സ് മാര്‍ച്ച് എന്ന മാസിക ആരംഭിച്ച ഗോവിന്ദന്‍കുട്ടിയെ കഴിഞ്ഞ ഡിസംബറില്‍ പൊലീസ് കസ്റഡിയിലെടുത്തത്. തീവ്രവാദപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉള്‍ഫയും (യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഒഫ് ആസാം) സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് കളമൊരുക്കുമ്പോഴാണ് അസം പത്രപ്രവര്‍ത്തകനായ ബര്‍ദൊളോയിയെ പൊലീസ് പിടികൂടിയത്.
തീവ്രവാദിബന്ധമാണ് മൂന്നു പേര്‍ക്കുമെതിരെ ചുമത്തപ്പെട്ടിട്ടുള്ള കുറ്റം. ഇവരില്‍ ഗോവിന്ദന്‍കുട്ടിക്കു മാത്രമാണ് കടുത്ത നിബന്ധനകള്‍ക്കു വിധേയമായെങ്കിലും ജാമ്യം ലഭിച്ചിട്ടുള്ളത്. സെന്നും ബര്‍ദൊളോയിയും ജാമ്യം നിഷേധിക്കപ്പെട്ട് തടവില്‍ കഴിയുകയാണ്. അവര്‍ക്കെതിരായ കുറ്റപത്രങ്ങള്‍ ബാലിശമായ പരാമര്‍ശങ്ങള്‍ നിറഞ്ഞതാണ്. തടവില്‍ കഴിയുന്ന നക്സല്‍ നേതാവ് നാരായണ്‍ സന്യാലിനെ ജയിലില്‍ 33 തവണ സന്ദര്‍ശിച്ചെന്നതാണ് സെന്നിനെതിരായ ഒരാരോപണം. സന്യാലിന് ശസ്ത്രക്രിയയ്ക്ക് ഏര്‍പ്പാടു ചെയ്യുന്നതിന് മുന്‍കൂര്‍ അനുവാദം വാങ്ങിയായിരുന്നു ഈ സന്ദര്‍ശനങ്ങള്‍. സെന്‍ സന്യാലിനെ കാണുന്നതിനോട് പൊലീസിന് എതിര്‍പ്പില്ളെന്ന് കാണിച്ച് ഡി.ഐ.ജി. ജയില്‍ സൂപ്രണ്ടിന് കത്തും നല്‍കിയിരുന്നു.
ഇതിനേക്കാളും അപഹാസ്യമാണ് ബര്‍ദൊളോയ് ഉല്‍ഫയുമായി ബന്ധപ്പെട്ടെന്ന ആരോപണം. സംഘടനയുമായി ബന്ധം സ്ഥാപിക്കാതെ എങ്ങനെയാണ് അതിന്റെ പ്രതിനിധികളെ സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് കൊണ്ടുവരാനാകുക? പീപ്പിള്‍സ് മാര്‍ച്ച് തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നെന്ന പൊലീസിന്റെ ആരോപണത്തെ ഗോവിന്ദന്‍കുട്ടി നേരിട്ടത് അത് നിയമവിധേയമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ്. ഉടനേ പിന്‍ബുദ്ധി ഉപയോഗിച്ച് ഭരണകൂടം മാസികയുടെ ലൈസന്‍സ് റദ്ദ് ചെയ്തു. ക്രോസ്റോഡ്സ് കേസിന് മുമ്പുള്ള സ്ഥിതിയിലേയ്ക്ക് കാര്യങ്ങള്‍ കൊണ്ടുപോയിരിക്കുന്നത് കമ്മ്യൂണിസ്റ് നേതൃത്വത്തിലുള്ള സര്‍ക്കാരാണെന്നതിനെ ചരിത്രത്തിന്റെ ക്രൂരഫലിതമായി കാണാം.
രണ്ടുതരം തീവ്രവാദങ്ങളുടെ പേരിലാണ് ഭരണകൂടങ്ങള്‍ പൌരാവകാശങ്ങള്‍ നിഷേധിക്കുന്നത്. ഒന്ന് ഇടതു തീവ്രവാദം. മറ്റേത് മുസ്ളിം തീവ്രവാദം. രണ്ടും രാജ്യത്തിന്റെ പല ഭാഗങ്ങളിലും സജീവമാണ്. പക്ഷേ ഓരോ ഭരണകൂടവും അവയെ രാഷ്ട്രീയ താത്പര്യമനുസരിച്ചാണ് സമീപിക്കുന്നത്. ഓരോ കക്ഷിയും അതിന് പറ്റിയ ശത്രുവിനെ കണ്ടെത്തുന്നു. ഒരു പൊലീസ് ചടങ്ങില്‍ സംസാരിക്കവേ കോടിയേരി ബാലകൃഷ്ണന്‍ ഈയിടെ സ്പെഷ്യല്‍ ബ്രാഞ്ച് പൊലീസിനോട് തീവ്രവാദി പ്രവര്‍ത്തനങ്ങള്‍ക്കു പിന്നിലുള്ള ആശയങ്ങളെ കണ്ടെത്തി ഉന്മൂലനം ചെയ്യാന്‍ സാധിക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് നിര്‍ദ്ദേശിക്കുകയുണ്ടായി.
കൊളോണിയല്‍ കാലം മുതല്‍ പൊലീസ് അത് ചെയ്തിട്ടുള്ളതാണ്. ഇന്നാണെങ്കില്‍ സേനയില്‍ പാര്‍ട്ടി അംഗത്വമുള്ളവരുമുള്ളതുകൊണ്ട് കാര്യങ്ങള്‍ കൂടുതല്‍ ഭംഗിയായി നടത്താം. ഈ പശ്ചാത്തലത്തിലാണ് പൊലീസിന്റെ വിശ്വാസ്യതയെക്കുറിച്ച് ഹൈക്കോടതി ജഡ്ജി നടത്തിയ പരാമര്‍ശത്തെ കാണേണ്ടത്. അതിനെതിരെ പാര്‍ട്ടി സെക്രട്ടറി നടത്തിയ രോഷപ്രകടനത്തില്‍ അപ്രിയസത്യം സൃഷ്ടിച്ച അസ്വസ്ഥത പ്രകടമാണ്.

No comments: