Wednesday, March 12, 2008

കണ്ണൂര്‍ ശാന്തമാകാന്‍

കണ്ണൂര്‍ ശാന്തമാകാന്‍
പി.പി. മുകുന്ദന്‍
(കേരള കൌമുദി)

കഴിഞ്ഞ കുറെദിവസങ്ങളായി ചര്‍ച്ച ചെയ്യുന്ന വിഷയമാണല്ലോ 'കണ്ണൂര്‍' സംഭവങ്ങള്‍. അരനൂറ്റാണ്ടോളം പഴക്കമുള്ള സംഭവ പരമ്പരകളാണവിടെ നടന്നുകൊണ്ടിരിക്കുന്നത്. അത്രയും പറഞ്ഞാല്‍ മതിയാകില്ല എന്നറിയാം. അതിലേക്കൊന്നും കൂടുതലായി കടക്കാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ഈ അരനൂറ്റാണ്ടിന്റെ സംഘര്‍ഷകാലത്ത് നടന്നുവന്ന സമാധാന സംഭാഷണങ്ങളില്‍ പലപ്പോഴും പങ്കെടുക്കാന്‍ സാധിച്ച വ്യക്തിയെന്ന നിലയില്‍ ചില അഭിപ്രായം ഇത്തവണയും ശ്രദ്ധയില്‍പ്പെടുത്താനാഗ്രഹിക്കുന്നു.കണ്ണൂരിലെ പാവപ്പെട്ട അമ്മമാരുടെ കണ്ണീര്‍ നിലയ്ക്കേണ്ടതല്ലേ? ഈ കുരുതിക്ക് ഒരു അറുതിയില്ലേ? എന്നെങ്കിലും ഇതിനൊരു പരിഹാരമുണ്ടാകുമോ? എത്ര കുടുംബങ്ങളാണ് അനാഥമാകുന്നത്? ഇങ്ങനെ പോയാല്‍ എവിടെ ചെന്നെത്തും? പൊതുജനങ്ങളുടെ അഭിപ്രായം ഇങ്ങനെ പോകുന്നു. ആര്‍.എസ്.എസ്, ബി.ജെ.പി, സി.പി.എം, കോണ്‍ഗ്രസ് തുടങ്ങിയ മുഖ്യകക്ഷികള്‍ക്കുപുറമെ എന്‍.ഡി.എഫ്, ലീഗ്, ജനതാദള്‍, സി.പി.ഐ തുടങ്ങിയവരും കൊല്ലപ്പെടുന്നു. കൊലക്കയറില്‍നിന്ന് രക്ഷ നേടാന്‍ വക്കീലന്മാര്‍ക്ക് കോടികള്‍ ചെലവഴിക്കപ്പെടുന്നു. കൊല്ലപ്പെട്ടവരുടെ അനാഥ കുടുംബങ്ങള്‍ക്കുള്ള സഹായനിധി വേറെ, പരിക്കേറ്റവരുടെ സ്ഥിതിയോ അതിലും ദയനീയം. പ്രായം ചെല്ലുന്തോറും പ്രശ്നങ്ങള്‍ അനവധി. പണിയെടുത്തു ജീവിക്കാന്‍ സാധിക്കാത്ത പരിതസ്ഥിതി. അതിനുപുറമേ നിത്യേനയെന്നോണം വിധവകളായ സ്ത്രീകളുടെ എണ്ണം പെരുകുന്നു. വന്നു കല്യാണം കഴിക്കാന്‍ ധൈര്യപ്പെടാത്ത അയല്‍നാട്ടുകാര്‍, ചെറുപ്പക്കാര്‍ അന്യനാട്ടില്‍ വിവാഹം കഴിക്കാന്‍ നോക്കിയാല്‍ പെണ്ണുകൊടുക്കാന്‍ ധൈര്യപ്പെടാത്ത മാതാപിതാക്കള്‍! ഇതൊരു വലിയ സാമൂഹ്യ പ്രശ്നമായി വളര്‍ന്നു വന്നിരിക്കുകയാണ്. പണിയന്വേഷിച്ചു പോകാന്‍ വയ്യ. പോകുന്നത് എതിരാളികളുടെ നാട്ടില്‍. പണിയില്ലെങ്കില്‍ പട്ടിണി കിടക്കേണ്ട അവസ്ഥ. കൂലിപ്പണിക്കാര്‍, തെങ്ങുകയറ്റക്കാര്‍, ബീഡി തെറുപ്പുകാര്‍, മത്സ്യം പിടിക്കുന്നവര്‍, ആശാരിമാര്‍, മറ്റു കൈത്തൊഴിലെടുക്കുന്നവര്‍, അല്പം അദ്ധ്യാപകര്‍ (ട്യൂട്ടോറിയലടക്കം), ഓട്ടോറിക്ഷക്കാര്‍, ടാക്സി, ടെമ്പോ ഡ്രൈവര്‍മാര്‍, കുറച്ചു കൃഷിക്കാര്‍, രാഷ്ട്രീയമില്ലാത്തവരും ഉള്ളവരും ഇതില്‍ ഉള്‍പ്പെടുന്നു. കറ കളഞ്ഞ തന്റെ ആദര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നവര്‍ ഏതു പാര്‍ട്ടിയായാലും തന്റെ ആദര്‍ശത്തില്‍ തന്നെ ഉറച്ചുനില്‍ക്കുന്നു. കുറച്ചുപേര്‍ക്ക് 1977-നുശേഷം മനംമാറ്റം വന്നുവെന്നുപറയാം.
കൊല്ലപ്പെടുന്നവരും കൊലയ്ക്ക് ശിക്ഷിക്കപ്പെടുന്നവരും സാധാരണക്കാര്‍. ജീവച്ഛവങ്ങളായി കിടക്കുന്നവരോ, വെറും പാവങ്ങള്‍. ദുഃഖഭാരം പേറി നടക്കുന്ന ഭാര്യ, അമ്മ, മക്കള്‍. വലുതായി വരുന്ന ഒരു കുട്ടി കാണുന്നത് ആക്രമിക്കപ്പെട്ടു അംഗഭംഗം വന്ന അച്ഛനെ, വീടും വീട്ടുപകരണങ്ങളും, വീട്ടുമൃഗങ്ങള്‍ വരെ നശിപ്പിക്കപ്പെട്ട് അനാഥമാകുന്ന തന്റെ കുടുംബത്തെ. എങ്ങനെ പ്രതികാരമനസ്സ് ആ കുട്ടിയില്‍ വളരാതിരിക്കും. ചെറുപ്രായത്തിലേ വിധവകളാകുന്നവരുവടെ എണ്ണം വര്‍ദ്ധിക്കുന്നു. ഇതിന് ആര് പരിഹാരം കാണും?
സംഭവിക്കേണ്ടതെല്ലാം ഇക്കാലമത്രയും സംഭവിച്ചു. ഇനിയെങ്ങോട്ട്? പുനര്‍ചിന്ത ആവശ്യമല്ലേ? എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നു. മാറ്റം അനിവാര്യമാണ്. ഒരു നിയമം കൊണ്ടോ ശിക്ഷ കൊണ്ടോ മാറ്റാന്‍ കഴിയുമെങ്കില്‍ 50 വര്‍ഷം കാത്തിരിക്കേണ്ടി വരില്ലായിരുന്നു. 20 വയസ്സായ ഒരു ചെറുപ്പക്കാരന്‍ ജീവപര്യന്തം ശിക്ഷയനുഭവിച്ചു പുറത്തുവരുമ്പോള്‍ അയാള്‍ മധ്യവയസ്കനാകുന്നു. അവിവാഹിതനായാലും വിവാഹിതനായാലും സ്ഥിതി ഏറെ ദുഷ്കരം. തൊഴിലില്ല, വരുമാനമില്ല, ബന്ധുക്കളില്ല, പാര്‍ട്ടിക്കാരില്ല, എന്തൊരു ദുര്‍വിധി? നീണ്ടവര്‍ഷം കൂട്ടുകാരായവര്‍ ശിക്ഷാകാലാവധി കഴിയുമ്പോള്‍ കാഴ്ചകള്‍ക്കും വിശ്വാസങ്ങള്‍ക്കുമപ്പുറം ഗൃഹസ്ഥന്മാരായി കഴിയുന്നു. ഒരേ ആളുടെ പേരില്‍ ഒരുപാടു കേസുകള്‍. യഥാര്‍ത്ഥ പ്രതികള്‍ക്ക് പകരം നിന്നവരും വലയുന്നു. എല്ലാം ആദര്‍ശത്തിനു വേണ്ടിത്തന്നെ. സമൂഹമധ്യത്തില്‍ അവര്‍ ഒറ്റപ്പെടുന്നു. അവര്‍ക്കുവേണ്ടത് പണമല്ല. മനുഷ്യസ്നേഹമാണ്. പരസ്പരം കൊലവിളി നടത്തുന്നവരെയല്ല, വിശ്വാസത്തോടെ ജീവിക്കാന്‍ സാഹചര്യമുണ്ടാക്കുന്ന അന്തരീക്ഷമാണ്. ശാശ്വതപരിഹാരത്തിനായി എല്ലാവരും ഉറ്റുനോക്കുന്നു. മനോരോഗവിദഗ്ദ്ധനെയല്ല വേണ്ടത് മനഃശാന്തിക്കായി പ്രവര്‍ത്തിക്കാനുള്ള മനോഭാവം നേതൃനിരയ്ക്കാണ് വേണ്ടത്. പരിഹാരമുണ്ടാകും - എങ്ങനെ?
ഏതു പ്രസ്ഥാനത്തിനും പ്രവര്‍ത്തിക്കാനുള്ള സാഹചര്യമുണ്ടാക്കുക. അവരവരുടെ സംഘടനാ സ്വാതന്ത്യ്രം നിലനിറുത്താനുള്ള അവസരം സൃഷ്ടിക്കുക.
പൊലീസിനെ നിര്‍ഭയമായി നീതി നിര്‍വഹിക്കാന്‍ അവസരം ഒരുക്കുക.
പൊതുവേദികളില്‍ ആശയപരമായ വിമര്‍ശനം ഒതുക്കുക. വ്യക്തിപരമായോ വെല്ലുവിളിക്കുന്നതോ ആയ വാചക കസര്‍ത്തുകള്‍ ഒഴിവാക്കുക.
ചെറിയ ചെറിയ പ്രശ്നങ്ങള്‍ അതതിടത്ത് പറഞ്ഞുതീര്‍ക്കുവാന്‍ സാധിക്കത്തക്ക വിധത്തില്‍ പഞ്ചായത്ത് നിലവാരത്തിലെങ്കിലും സംവിധാനം ഉണ്ടാക്കുക.
വിവാഹം, ഉത്സവങ്ങള്‍ എന്നിവയ്ക്ക് പരസ്പരം വിളിക്കാനും പങ്കുചേരാനുമുള്ള മാനസികാവസ്ഥ ക്രമേണ ഉണ്ടാക്കുക.
ഒരേ നാട്ടുകാരാണെന്ന് ആത്മാര്‍ത്ഥമായ കാഴ്ചപ്പാടുണ്ടാക്കുക. കണ്ണൂരിനെക്കുറിച്ചുള്ള തെറ്റായ അഭിപ്രായം തിരുത്തിക്കണമെന്ന പ്രാദേശിക സ്നേഹം വളര്‍ത്തിയെടുക്കുക.
മരണം, വിവാഹം തുടങ്ങിയ പൊതുചടങ്ങുകളില്‍ രാഷ്ട്രീയ ചര്‍ച്ച ഒഴിവാക്കുക. എല്ലാ പ്രസ്ഥാനങ്ങളോടും നേതാക്കന്മാരോടും തുല്യമനോഭാവത്തോടെ ചടങ്ങുകളില്‍ പങ്കാളികളാക്കുവാന്‍ കഴിവതും ശ്രദ്ധിക്കുക.
എല്ലാ പ്രസ്ഥാനങ്ങളുടെയും ജില്ലാനേതാക്കള്‍ അവരുടെ പ്രസംഗങ്ങളില്‍ സംയമനം പാലിക്കുക എന്നതും അതിപ്രാധാന്യത്തോടെ കാണണം.
കേസുകളില്‍ പ്രതിയായി ശിക്ഷിക്കപ്പെട്ടവരെ സര്‍ക്കാര്‍ സ്വാധീനത്തില്‍ വിട്ടയയ്ക്കുന്നത് ഒഴിവാക്കേണ്ടതാണ്.
സംഘര്‍ഷരഹിത സ്വാഭിമാന കണ്ണൂര്‍. അതാകട്ടെ നമ്മുടെ ലക്ഷ്യം. ആരോഗ്യ പരിപാലന ക്ളാസുപോലെ വികസനം ലക്ഷ്യമാക്കി കുടുംബശ്രീ പോലുള്ള സംഘടനകളുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്തുക. സര്‍വോപരി സ്വയം തൊഴില്‍ അവസരങ്ങള്‍ ഉണ്ടാക്കാനും ജീവിതമാര്‍ഗ്ഗം ഉണ്ടാക്കിയെടുക്കുവാനുമുള്ള അനുഭാവപൂര്‍ണമായ അന്തരീക്ഷം സൃഷ്ടിക്കാനും അത്തരം സംഘടനകള്‍ ശ്രദ്ധിക്കണം.

No comments: